ഷിംല: ലോകമെമ്പാടും സംഘർഷാവസ്‌ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഇപ്പോൾ ആവശ്യം ശക്തനായ നേതാവും സുസ്‌ഥിരമായ സർക്കാരുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ -യുക്രെയ്ൻ സംഘർഷവും ഇസ്രായേൽ ഗാസ ഇറാൻ സംഘർഷവും ചൂണ്ടിക്കാട്ടിയാണ് ജയ്ശങ്കറിന്റെ വാക്കുകൾ. ഇന്ത്യയുടെ ചില അതിർത്തിമേഖലയിലും സംഘർഷം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് ശക്തമായ നേതൃത്വം ഉണ്ടെന്നാണ് ഇന്ത്യ നൽകേണ്ട സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കാവശ്യം കൂട്ടായി പ്രവർത്തിക്കുന്ന, നിലപാടുള്ള ശക്തമായ നേതൃത്വമാണ് അദ്ദേഹം പറഞ്ഞു. റഷ്യയിലും – യുക്രെയ്നിലും സംഘർഷാവസ്‌ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ കുടുംബം യുക്രെയ്നിൽ അകപ്പെട്ടെന്നിരിക്കട്ടെ. ആരാണ് ഇന്ത്യയുടെ നേതൃസ്‌ഥാനത്ത് വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുക. പ്രധാനമന്ത്രി മോദിയോ അതോ മറ്റു മുഖങ്ങളോ ജയ്ശങ്കർ ചോദിച്ചു.
നമ്മുടെ അതിർത്തികളിലും സമാനമായ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വോട്ടർമാർ വിവേകത്തോടെ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.1962 ലെ യുദ്ധത്തിന് ശേഷം ചൈന പിടിച്ചെടുത്ത ഭൂമിയിൽ റോഡുകളും പാലങ്ങളും മാതൃകാഗ്രാമവും നിർമിച്ചു. അതിനുശേഷം ഇന്ത്യയും അതിർത്തിയിൽ മെച്ചപ്പെട്ടരീതിയിലാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ഇന്ത്യ -ചൈന അതിർത്തിയിലെ ബഡ്ജറ്റ് 3,000 കോടിയിൽ നിന്ന് 15,000 കോടി രൂപയായി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.