ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബൈഭവിനെ കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 31-ന് ബൈഭവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം ബൈഭവിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നുbh. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
മെയ് 13-ന് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തിയപ്പോഴാണ് ബൈഭവ് തന്നെ അസഭ്യ പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതെന്ന് മാലിവാൾ കോടതിയിൽ പറഞ്ഞു.
ബൈഭവ് കുമാറിന്റെ ഫോണിലെ തെളിവുകൾ വീണ്ടെടുക്കാൻ ഡൽഹി പൊലീസ് പ്രതിയുമായി മുംബൈയിലേക്ക് പോയിരുന്നു. ബൈഭവ് ഫോൺ ഫോർമാറ്റ് ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ ഫോണുകളും ലാപ്ടോപ്പുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.















