കൊച്ചി : മഴയിൽ മുങ്ങിയ കൊച്ചിയുടെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടൻ ഹരീഷ് പേരടി . കാൻ ഫെസ്റ്റിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തണ്ണീർ മത്തങ്ങ ബാഗുമായെത്തിയതിനെ സാമ്യപ്പെടുത്തിയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
‘ ഒരു മഴയിൽ..ഒരു ദിവസം കൊണ്ട് തണ്ണീർ മത്തങ്ങയായ കൊച്ചിയോടും നഗര നിവാസികളോടുമുള്ള ഐക്യദാർഡ്യമാണ്…ലോകത്തിലെ എല്ലാ കണ്ണുകളും കേരളത്തിന്റെ വികസനത്തിലേക്കും സാധാരണ മനുഷ്യരുടെ ഉയർന്ന ജീവിത നിലവാരത്തിലേക്കും നോക്കി അസൂയപ്പെടുന്നു…തണ്ണീർ കൊച്ചി..മത്തങ്ങാ കേരളം ‘ എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത് .
അതേസമയം കൊച്ചിയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്. വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി.