ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ഓർമദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഡൽഹിയിലെ കിസാൻ ഘട്ടിലെത്തിയാണ് അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചത്. രാഷ്‌ട്രീയ ലോക്ദൾ നേതാവും ചൗധരി ചരൺ സിംഗിന്റെ ചെറുമകനുമായ ജയന്ത് ചൗധരിക്കൊപ്പമാണ് ഉപരാഷ്‌ട്രപതിയെത്തിയത്.
അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന നൽകി രാജ്യം ആദരിച്ചതിന് ശേഷമുളള ആദ്യ ഓർമ്മദിനമാണിത്. രാജ്യത്തെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചരൺ സിംഗ്.
1977-ൽ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക്ദളിന്റെ തലവനായിരുന്നു. ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ സമർപ്പിതമായിരുന്നു ചൗധരി ചരൺ സിംഗിന്റെ ജീവിതം. ജീവിതത്തിന്റെ ഭൂരിഭാഗവും കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് പാർട്ടിയിൽ നിന്ന് മാറി യുപിയിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി മാറി. 1980-ൽ അദ്ദേഹം സ്വന്തം രാഷ്‌ട്രീയ പാർട്ടിയായി ലോക്ദൾ രൂപീകരിച്ചു
1902-ൽ ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ നൂർപൂരിൽ സാധാരണ കർഷക കുടുംബത്തിലാണ് ചൗധരി ചരൺ സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ്.















