മുംബൈ: മഹാരാഷ്‌ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിന്റെ ഏഴ് വാഗണുകൾ പാളം തെറ്റിയതിനെ തുടർന്ന് ഈ പാതയിലൂടെയുളള റെയിൽഗതാഗതം താളം തെറ്റി. 40 ലധികം ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമറെയിൽവേ അറിയിച്ചു.
18 ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. 9 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. 22 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. ഡഹാനു റോഡിലേക്കുളള സബർബൻ ട്രെയിനുകളും 12 മണി വരെ റദ്ദാക്കിയിരുന്നു.
ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്ക് നേരെയാക്കാനുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. 300 ഓളം റെയിൽവേ ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. കഴിയുന്നതും നേരത്തെ ട്രാക്ക് പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം. നാല് ജെസിബികളും പൊക്ലെയ്‌നും ക്രെയിനും അടക്കമുളളവയുടെ സഹായത്തോടെയാണ് ജോലികൾ നടക്കുന്നത്.
ഗുജറാത്തിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനുകളുടെ ഗതാഗതത്തെയാണ് ഇത് കൂടുതലും ബാധിച്ചത്. വൈകുന്നേരം 5.10 ഓടെയാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. 43 വാഗണുകളുമായി വിശാഖപട്ടണത്ത് നിന്ന് ഗുജറാത്തിലെ കരംബെലിയിലേക്ക് പോവുകയായിരുന്നു ഗുഡ്സ് ട്രെയിൻ.
പിൻവശത്ത് നിന്ന് ഗാർഡിന്റെ വാൻ ഉൾപ്പെടെ ഏഴ് വാഗണുകൾ ആണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകളുടെയും കോയിലുകളുടെയും ആഘാതം കാരണം ട്രാക്കുകൾക്കും ഓവർഹെഡ് ഉപകരണങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു.















