ഭോപ്പാൽ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. സഹോദരനെയും ഭാര്യയെയും കുഞ്ഞിനെയുമുൾപ്പെടെ ഏഴ് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. യുവാവ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം പ്രതി തൂങ്ങി മരിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിയുടെ മൃതദേഹം 100 മീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ആക്രമണത്തിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെ, ഉത്തർപ്രദേശിലെ പാലാപൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കേസിലെ പ്രതിയും മാനസിക പ്രശ്നങ്ങൾ മൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ്. അമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ ഹാമർ കൊണ്ട് തലയ്‌ക്കടിച്ചും മക്കളെ ടെറസിൽ നിന്നും എറിഞ്ഞുമാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്.