ഗുരുതരമായാൽ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണ് അർബുദ്ധം. 90കളിലാണ് കാൻസറിനായുള്ള മരുന്നുകൾ കണ്ടെത്തിയത്. വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും ചില കാൻസറുകൾ പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താൻ വൈദ്യലോകത്തിന് സാധിക്കുന്നില്ല. ആധുനിക യുഗത്തിലായിരിക്കും കാൻസർ ചികിത്സയ്‌ക്കായുള്ള കണ്ടുപിടിത്തങ്ങൾ നടന്നതെന്നായിരിക്കും നാം വിചാരിച്ചിരിക്കുന്നത്. എന്നാൽ പുരാതന കാലം മുതൽ തന്നെ ഈജിപ്തുകാർ അർബുദത്തിനായുള്ള ചികിത്സകൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
ജർമനി, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്ന് നാലായിരം വർഷം പഴക്കമുള്ള തലയോട്ടിയിൽ നടത്തിയ പഠനത്തിനൊടുവിലാണ് പുരാതന ഈജിപ്തുകാർ അർബുദ ചികിത്സ വിപുലീകരിക്കാൻ ശ്രമിച്ചിരുന്നേക്കാമെന്ന കണ്ടെത്തലിലേക്ക് എത്തിയത്. മസ്തിഷ്‌കാർബുദം ബാധിച്ച വ്യക്തിയുടെ തലയോട്ടിയിൽ നടത്തിയ പഠനത്തിലാണ് ഇതേകുറിച്ച് ഗവേഷകർ പ്രതിപാദിക്കുന്നത്.
ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും തലയോട്ടിയാണ് ഇതിനായി ഗവേഷകർ തെരഞ്ഞെടുത്തത്. തലയോട്ടിയിലെ മുറിവിന്റെ പാടുകൾ പരിശോധിച്ചാണ് ഈജിപ്തുകാർ അർബുദ ചികിത്സയ്‌ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. രോഗം ബാധിച്ച സ്ഥലങ്ങളിൽ നിന്നും അർബുദം നീക്കം ചെയ്യുന്നതിനായി അവർ ശസ്ത്രക്രിയകൾ ചെയ്യാൻ തയ്യാറായിരുന്നേക്കാമെന്നും പഠനത്തിൽ പറയുന്നു. ഫ്രോൺടിയേഴ്‌സ് ഇൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതേകുറിച്ച് പ്രതിപാദിക്കുന്നത്.















