എവിടെയെങ്കിലും കേൾക്കുന്ന കാര്യമാണോ ‘ബെഡ്” പെർഫോമൻസ് മോശമായതിന് അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവം ഒരു വാക്ക് മാറിപ്പോയതാണ് ശിക്ഷണ നടപടി വിവാദമാകാൻ കാരണം. പാട്നയിലെ 13 സ്കൂൾ ടീച്ചർമാരുടെ ശമ്പളമാണ് പിടിച്ചത്. ശിക്ഷണ നടപടിയുടെ നോട്ടീസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചർച്ചകൾക്ക് വഴിവച്ചു.
സ്കൂളിൽ ഹാജരാകാതിരുന്നതിന് നടപടിയെടുക്കുകയായിരുന്നു. ബാഡ് പെർഫോമൻസ് എന്നതിന് പകരം ‘ബെഡ്” പെർഫോമൻസ് എന്നാണ് നടപടിയെടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ അദ്ധ്യാപക സംഘടനകളും പ്രതിഷോധമായി രംഗത്തിറങ്ങി. വിദ്യാഭ്യാസ വകുപ്പ് മേയ് 22ന് വിവിധ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ജമുയി ജില്ലയിലെ പരിശോധനയിൽ വിവിധ സ്കൂളുകളിലെ ടീച്ചർമാർ ജോലിക്ക് ഹാജരായില്ലെന്ന് മനസിലായി.
ഇവരുടെ പ്രകടന നിലവാരവും മോശമാണെന്ന് വിലയിരുത്തലുണ്ടായി. ഇതോടയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ജില്ല വിദ്യാഭ്യാസ ഓഫീസർ ഇവർക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി പുറത്തിറക്കിയ ഔദ്യോഗിക ലെറ്ററിലാണ് അക്ഷരം മാറിപ്പോയതും സംഭവം വിവാദത്തിലായതും. പിന്നീട് ഓഫീസർ തന്നെ ഇത് ടൈപ്പ് ചെയ്തപ്പോഴുണ്ടായ തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.