കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്നും പ്രതിഭാഗം അറിയിച്ചു.
വന്ദനാ ദാസിനെ മനപൂർവ്വം കൊലപ്പെടുത്തിയതല്ല, പ്രതിരോധിക്കുന്നതിനിടെ സംഭവിച്ചതാണെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നുമുള്ള വാദം പ്രതിഭാഗം കോടതിയിൽ ഉയർത്തി. കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയുമാണ് പലതവണ കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജൂൺ 6ന് കേസ് വീണ്ടും പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ച കേസിൽ ഉടൻ വിചാരണ ആരംഭിക്കാനാണ് കോടതിയുടെ തീരുമാനം.
2023 മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഹൗസ് സർജൻസിക്കിടെ വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. പൊലീസ് പരിശോധക്കായി എത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊല്ലുകയായിരുന്നു. അദ്ധ്യാപകനായിരുന്ന സന്ദീപിനെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.















