എറണാകുളം: കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടിൽ മുങ്ങിയ കൊച്ചിയുടെ അവസ്ഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച് നടി കൃഷ്മ പ്രഭ. കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നാണ് കൃഷ്ണ പ്രഭ പരിഹാസ രൂപേണ കുറിച്ചത്. ഇതൊക്കെയും ജനങ്ങളുടെ വിധി ആണെന്നും താരം ഫെയ്സ്ബുക്കിലൂടെ പറയുന്നുണ്ട്.
കൃഷ്ണ പ്രഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം..
വർഷങ്ങളായി ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.
രണ്ട് ദിവസമായി കൊച്ചിയിൽ ശക്തമായ മഴയാണ്. കഴിഞ്ഞ ദിവസം കളമശ്ശേരിയിലും തൃക്കാക്കരയിലും മിന്നൽപ്രളയവും ഉണ്ടായിരുന്നു. ഉയർന്ന പ്രദേശങ്ങളിലുളള വീടുകളിൽ പോലും ഇവിടെ വെളളം കയറി ജനങ്ങൾ ദുരിതത്തിലായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ നടത്തേണ്ട മഴക്കാല പൂർവ്വശുചീകരണം അവതാളത്തിലായതാണ് വീടുകളിലേക്ക് ഉൾപ്പെടെ ഇങ്ങനെ വെളളം കയറാൻ കാരണമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.















