ഡൽഹി: ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയിൽ ഡൽഹി. 52.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഡൽഹി മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രത്തിലാണ് ഉച്ചയ്‌ക്ക് ശേഷം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റ് ഡൽഹിയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് എത്തുന്നതാണ് താപനില ക്രമാതീതമായി ഉയരാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റീജിയണൽ ഹെഡ് കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. 2002 ൽ രേഖപ്പെടുത്തിയ 49.2 ഡിഗ്രി സെൽഷ്യസ് ആണ് ഇതിനുമുൻപ് ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനില. അതേസമയം ചൂട് അതിന്റെ പാരമ്യത്തിലെത്തിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു. ഇത് അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
ചൂട് കൂടിയതോടെ ഡൽഹിയിലെ വൈദ്യുതി ഉപഭോഗവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതേസമയം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്‌ണതരംഗം പിടിമുറുക്കിയ അവസ്ഥയിലാണ്. രാജസ്ഥാനിലെ ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 51 ഡിഗ്രി സെൽഷ്യസും ഹരിയാനയിൽ 50.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.















