പട്ന: ചുട്ടുപൊള്ളുന്ന ഉഷ്‌ണതരംഗത്തെത്തുടർന്നു ക്ലാസ് മുറിയിൽ തളർന്നുവീണ് സ്‌കൂൾ വിദ്യാർഥികൾ. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ 42.9 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ചൂട് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ക്ലാസ് മുറികളിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ കൂട്ടത്തോടെ തളർന്നുവീണത്. ക്ലാസ് മുറികളിൽ ബോധരഹിതരായ വിദ്യാർഥികളെ വിശറി കൊണ്ട് വീശിയുമൊക്കെയാണ് അദ്ധ്യാപകർ കുട്ടികളെ സ്വബോധത്തിലേക്ക് മടക്കി കൊണ്ടുവന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ച് എല്ലാവർക്കും ചികിത്സ നൽകുകയും ചെയ്തു.
നിർജ്ജലീകരണം തടയാൻ കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ORS നൽകാനും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കടുത്ത ചൂടാണ് ബിഹാറിലും അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഒമ്പത് സ്ഥലങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു ചൊവ്വാഴ്‌ച്ച താപനില. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില ഔറംഗബാദിൽ രേഖപ്പെടുത്തിയ 47.7 ഡിഗ്രി സെൽഷ്യസ് ആണ്. സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം കൂടി കനത്ത ചൂട് തുടരുമെന്ന് പറ്റ്‌ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആശിഷ് കുമാർ പറഞ്ഞു.
ഔറംഗബാദ് (47.7°C), ഡെഹ്‌രി (47°C), അർവാൾ (46.9°C), ഗയ (46.8°C), ബിക്രംഗഞ്ച് (46.5°C), ബക്‌സർ (46.4)°C), ഭോജ്പൂർ (45.6°C), നവാഡ (45.4°C), രാജ്ഗിർ (44.1°C) എന്നിവിടങ്ങളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. ഗയയിൽ 46.8 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. വൈശാലി (43.9°C), ഷെയ്ഖ്പുര (42.9°C), പട്ന (42.8°C), മുൻഗർ (42.6°C), ജമുയി (42.5°C), സിവാൻ (42°C),സരൺ (41°C) എന്നിങ്ങനെയായിരുന്നു ബാക്കിയുളളിടത്തെ ഉയർന്ന താപനില. പൊതുജനങ്ങൾ ധാരാളം വെള്ളം കുടിച്ച് ആരോഗ്യം നിലനിർത്തണമെന്നും നിർജ്ജലീകരണം ഒഴിവാക്കണമെന്നും ബീഹാർ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്