പാറ്റ്ന: അത്യുഷ്ണം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സംസ്‌ഥാനമായ ബിഹാറിൽ സ്വകാര്യ – സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രെട്ടറി ബ്രജേഷ് മെഹ്‌റോത്രയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സംസ്‌ഥാനത്ത് ജൂൺ 8 വരെ എല്ലാ വിദ്യാഭാസ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കും. സംസ്‌ഥാനത്ത് അത്യുഷ്ണത്തെ തുടർന്ന് വിദ്യാർഥികൾ ബോധരഹിതരായതിനെ തുടർന്നാണ് നടപടി.
സംസ്‌ഥാനത്തിന്റെ വിവിധ സ്‌ഥലങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിന് മേൽ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഉന്നതതലയോഗം ചേന്നത്. അത്യുഷ്ണത്തെത്തുടർന്നു ഷെക്പുര, ബെഗുസരായ്, ഈസ്റ്റ് ചമ്പാരൻ തുടങ്ങിയ സ്‌ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ ബോധരഹിതരായ സംഭവം ഉച്ചയോടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വേണ്ട നിവാരണ നടപടികൾ കൈക്കൊള്ളാൻ ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മുഖ്യമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. തുടർന്നാണ് സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടത്.
അതേസമയം നിലവിലെ അത്യുഷ്ണം മൂന്നു നാലുദിവസം കൂടിതുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ബിഹാറിലെ ദുരന്ത നിവാരണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.















