ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധനയെന്ന് പോൾ റൈറ്റ്സ് ബോഡി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). 2009-ൽ 368 രാഷ്‌ട്രീയ പാർട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നതെങ്കിൽ 2014-ൽ 464 ആയി ഉയർന്നു. 2019-ൽ ഇത് 677 ഉം ആയിരുന്നുവെന്ന് വിശകലന റിപ്പോർട്ടിൽ പറയുന്നു.
2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 8,360 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 1,333 പേർ ദേശീയ പാർട്ടികളിൽ നിന്നും 532 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 2,580 പേർ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളിൽ നിന്നും 3,915 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ്.
വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിലും വർദ്ധനയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2009-ൽ ആകെ ഏഴ് ശതമനാനം മാത്രമായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തമെങ്കിൽ 2024-ൽ ഇത് 9.6 ശതമനാനമായി. 2009-ൽ 7 ശതമാനം, 2014-ൽ 8 ശതമാനം, 2019-ൽ 9 ശതമാനം എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം. ഇത്തവണ 79 വനിത സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിലേറെയും ബിജെപി സ്ഥാനാർത്ഥികളാണ്. ബിജെപിയിൽ മൊത്തം സ്ഥാനാർത്ഥികളുടെ 16 ശതമാനം വനിത സ്ഥാനാർത്ഥികളാണ്.
ദേശീയ പാർട്ടിയിലെ 1,333 സ്ഥാനാർത്ഥികളിൽ 443 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നു. 295 പേർ ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നു. സംസ്ഥാന പാർട്ടിയുടെ 532 സ്ഥാനാർത്ഥികളിൽ 249 പേർക്കെതിരെ ക്രിമിനൽ കേസുകളും 169 പേർ ഗുരുതര നടപടികളും നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ഥാനാർത്ഥികളുടെ സാമ്പത്തിക ആസ്തിയും എഡിആർ പുറത്തുവിട്ടിട്ടുണ്ട്. 8,337 സ്ഥാനാർത്ഥികളിൽ 2,572 പേരും കോടീശ്വരന്മാരാണ്. ദേശീയ പാർട്ടി സ്ഥാനാർത്ഥികളിൽ 906 പേരും സംസ്ഥാന പാർട്ടി സ്ഥാനാർത്ഥികളിൽ 421 പേരും സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 673 പേരും കോടിപതികളാണ്















