ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെങ്കിൽ മറുവശത്ത് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവുമൊക്കെയാണ്. ഇവരിൽ ആർക്കാണ് ഭരണം നൽകേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഒരു വശത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ ആളുകളുടെ സഖ്യമാണുള്ളത്. മറുവശത്ത് ബിജെപിയും അവരുടെ നേതാവും ഉണ്ട്. 25 പൈസയുടെ അഴിമതി ആരോപണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെയും നേരിട്ടിട്ടില്ല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിന് ശേഷം നിങ്ങളുടെ അനുഗ്രഹത്തിന് വേണ്ടിയാണ് മോദി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതോടെ തങ്ങളുടെ പരാജയത്തിന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും എല്ലാം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തും. ജൂൺ നാലിന് വോട്ടെണ്ണൽ നടന്നതിന് ശേഷം ഈ കാര്യം പറഞ്ഞ് മാദ്ധ്യമങ്ങളെ അവർ കാണുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.















