ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി നൽകി ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പി ഗ്ലോബൽ ( Standard & Poor’s). 14 വർഷത്തിന് ശേഷം ഇന്ത്യയുടെ റേറ്റിംഗ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർന്നു. ഇതുവരെ ‘സുസ്ഥിരം’ എന്ന റേറ്റിംഗ് ആയിരുന്നു ഇന്ത്യക്ക്.
ബിബി ലോംഗ് ടേം, എ3 ഷോർട് ടേം റേറ്റിംഗുകളും നൽകി. കോവിഡ് കാല സാമ്പത്തിക നിലയിൽ നിന്ന് ഇന്ത്യ കാര്യമായ തിരിച്ചുവരവ് നടത്തിയെന്നും ഏജൻസി അഭിപ്രായപ്പെട്ടു. ഈ വർഷം 6.8 ശതമാനത്തിന്റെ വളർച്ചയും പ്രവചിച്ചു. വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വളർച്ചയുടെ ആക്കം കൂട്ടാൻ തക്ക വിധത്തിലുള്ള സാമ്പത്തിക അടിത്തറ ഭാരതത്തിനുണ്ടെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.
നയങ്ങളിലെ സ്ഥിരത, സാമ്പത്തിക പരിഷ്കരണങ്ങൾ, നിക്ഷേപം എന്നിവ ദീർഘകാല വളർച്ച സാധ്യതകളിലേക്ക് നയിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്. വരുന്ന 24 മാസത്തിനുള്ളിൽ ഇന്ത്യ റേറ്റിംഗ് മെച്ചപ്പെടുത്തുമെന്നും എസ് ആൻഡ് പി വ്യക്തമാക്കുന്നു.
S&P Global Ratings’ revision of its outlook on India from ‘stable’ to ‘positive’ is a welcome development. This reflects India’s solid growth performance and a promising economic outlook for the coming years.
It has been possible due to the series of macroeconomic reforms…
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) May 29, 2024
‘സ്വാഗതാർഹമായ വികസനം’ എന്നാണ് എസ് ആൻഡ് പി റേറ്റിംഗ് റിപ്പോർട്ടിനെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വളർച്ചാ പ്രകടനത്തെയും വരും സാമ്പത്തിക വീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു. 2014 മുതൽ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായാണ് ഇത് സാധ്യമായതെന്നും മന്ത്രി എക്സിൽ കുറിച്ചു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുത്തുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ് ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.