ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തോടെ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം 400 കവിയുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാജ്യത്തെ ജനങ്ങൾക്ക് ശക്തവും സ്ഥിരതയുള്ളതുമായ നേതൃത്വത്തെയാണ് ആവശ്യം. അതിനാലാണ് തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിൽ ഇരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. പഞ്ചാബിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും പത്ത് വർഷത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്തെ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്നും ജനങ്ങൾക്ക് അറിയാം. 60 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്തതാണ് 10 വർഷം കൊണ്ട് മോദി ചെയ്തതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
18-ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.















