ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം 5 മണിയോട് കൂടിയാണ് രണ്ടര മാസക്കാലം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് കാലത്തിന് പരിസമാപ്തി കുറിക്കുന്നത്. ജൂൺ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥനങ്ങളിലെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ജൂൺ 4-നാണ് വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോൾ എൻഡി സഖ്യം 400 സീറ്റുകളിലധികം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി നേതാക്കൾ പറയുന്നു. അതേസമയം 350 സീറ്റുകളിലധികം നേടുമെന്ന അവകാശവാദവുമായി ഇൻഡി മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു കഴിഞ്ഞാൽ പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. 2019-ലെ തെരഞ്ഞെടുപ്പിലെ അവസാനഘട്ടവും തെരഞ്ഞെടുപ്പ് ദിവസം മോദി ധ്യാനമിരുന്നിരുന്നു. കേദാർനാഥിലെ രുദ്ര ഗുഹയിലാണ് 17 മണിക്കൂർ ധ്യാനമിരുന്നത്. വിവേകാനന്ദ പാറയിലെ ധ്യാനത്തിനായി നാളെ വൈകിട്ട് മൂന്നരയോട് കൂടിയാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലെത്തും.















