ന്യൂഡൽഹി: നോയിഡയിലെ റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്. നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലാണ് അപകടം.
ഫ്ലാറ്റിൽ തീപടർന്ന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. തീ മറ്റ് ഫ്ലാറ്റുകളിലേക്കും വ്യാപിച്ചതായി വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഫ്ലാറ്റിൽ നിന്ന് കനത്ത പുക ഉയർന്നതോടെ സമീപത്തെ ഫ്ലാറ്റിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടമുണ്ടായ ഫ്ലാറ്റിലെ മുഴുവൻ സാധനങ്ങളും പൂർണമായും കത്തിനശിച്ചു.
അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്പ്ലിറ്റ് എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഡൽഹിയിലെ വിവിധയിടങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണ തംരഗം അനുദിനം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും കുട്ടികളും അസുഖബാധിതരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.