എറണാകുളം: സപ്ലൈകോയുടെ മറവിൽ വൻ തട്ടിപ്പ്. സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെറ്റിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സ്ഥാപനത്തിലെ മുൻ അസിസ്റ്റന്റ് മാനേജർ സതീഷ് ചന്ദ്രനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഏഴ് കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കിയും ജിഎസ്ടി നമ്പർ ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യയിലെ കമ്പനികളുമായുള്ള കരാറിൽ ഇറക്കുമതി ചെയ്ത ചോളം മറിച്ചുവിറ്റുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഐപിസി 468,469,471 പ്രകാരവും ഐടി വകുപ്പിലെ 66 സി, 66 ഡി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
മുംബെയിലുള്ള ജീവാ ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ്.എമ്പെയർ, രാജസ്ഥാനിലുള്ള പട്ടോടിയ ബ്രദേഴ്സ് എന്നീ മൂന്ന് കമ്പനികളിലേക്കാണ് ചോളം മറിച്ചുവിറ്റത്. ചോളം വാങ്ങുന്നതിനായി രണ്ട് മെയിൽ ഐഡികളിലൂടെ വ്യാജ പർച്ചേയ്‌സ് ഓർഡർ ഉണ്ടാക്കി അയച്ചു. തുടർന്ന് സ്ഥാപനത്തിന്റെ ജിഎസ്ടി നമ്പർ ദുരുപയോഗം ചെയ്യുകയും വ്യാജരേഖകൾ ഉണ്ടാക്കുകയും ചെയ്തെന്ന് ഏഫ്ഐആറിൽ പറയുന്നു.