തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. തന്റെ പരാതി വീണാ വിജയന്റെ കമ്പനിയെക്കുറിച്ച് തന്നെയാണെന്നും വിഷയം വഴിതിരിച്ച് വിടാനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് പ്രതികരിച്ചു. ദുബായിലെ എക്സാലോജിക് കമ്പനിയും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും വെവ്വേറെ സ്ഥാപനങ്ങളാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഇതിനുള്ള മറുപടിയാണ് ഷോൺ നൽകിയത്.
“ബഹുമാനപ്പെട്ട കിഫ്‌ബി മസാല ബോണ്ട് സഖാവേ, വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴിതിരിച്ചു വിടാനുള്ള നിങ്ങളുടെ കുരുട്ടു ബുദ്ധി കൊള്ളാം.. പ വേറെ പാപ്പച്ചൻ വേറെ സഖാവേ..
അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ല എന്ന് പറയാൻ സാറിന് തന്റേടമുണ്ടോ? മുഖ്യന്റെ മകൾക്ക് ലോകത്ത് എവിടെയൊക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സാറിനും ബോധ്യമുള്ള കാര്യമാണോ?” ഷോൺ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
രണ്ടും വ്യത്യസ്ത എക്സാലോജിക് കമ്പനികളാണെന്നായിരുന്നു തോമസ് ഐസക്കിന്റെ കണ്ടുപിടിത്തം. ഷോൺ ജോർജ് കള്ളക്കഥ മെനയുകയാണെന്നും മുൻ ധനമന്ത്രി ആരോപിച്ചിരുന്നു. എക്സാലോജിക് സൊല്യൂഷൻസ് എന്നതാണ് വീണയുടെ കമ്പനിയുടെ പേര്, അബുദാബിയിൽ അക്കൗണ്ട് ഉണ്ടെന്ന് പറയപ്പെടുന്ന കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്. ഈ കമ്പനിക്ക് രാഷ്‌ട്രീയ ബന്ധമില്ലെന്നും തോമസ് ഐസക് ന്യായീകരിച്ചു. എന്നാൽ വീണാ വിജയനെതിരെ ആരോപണമുന്നയിച്ചത് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് മാനനഷ്ടക്കേസ് നൽകാൻ വീണ തയ്യാറാകാത്തതെന്ന് ഷോൺ ജോർജ് ചോദിച്ചു. അബുദാബിയിൽ അക്കൗണ്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ വീണാ വിജയൻ ആർജവം കാണിക്കാത്തതും ഷോൺ ചൂണ്ടിക്കാട്ടി.
എക്സാലോജിക്കിന്റെ അബുദാബിയിലുള്ള അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഷോൺ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചത്. എക്സാലോജിക് കൺസൾട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന വിലാസത്തിലാണ് അബുദാബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ടുള്ളത്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പണം അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. എസ്.എൻ.സി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനികളിൽ നിന്നും വൻതുക അക്കൗണ്ടിലേക്ക് എത്തിയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും ഇഡിക്കും പരാതി നൽകിയിരിക്കുകയാണ് ഷോൺ ജോർജ്.















