ചണ്ഡീഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാക്ക വിഭാഗക്കാർക്കും സാധാരണക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഭരണഘടനയെയും ഡോ. ബി.ആർ അംബേദ്ക്കറെയും ഇൻഡി സഖ്യം അപമാനിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ഹോഷിയാർപൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വോട്ട്ബാങ്ക് സംരക്ഷിക്കുകയെന്നതു മാത്രമാണ് ഇൻഡി സഖ്യം ലക്ഷ്യം വയ്‌ക്കുന്നത്. അതിനായി അവർ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സാധാരണക്കാരുടെ സംവരണം ഇല്ലാതാക്കുന്ന ഒരു പ്രവൃത്തിയും ചെയ്യില്ലെന്ന് ഞാൻ അധികാരത്തിലേറിയ സമയം മുതൽ എടുത്ത പ്രതിജ്ഞയാണ്. എന്നാൽ ഇൻഡി സഖ്യമാകട്ടെ പാവപ്പെട്ടവരുടെ സംവരണം ഇല്ലാതാക്കി ഭരണഘടനയെയും ബി. ആർ. അംബേദ്ക്കറെയും അവഹേളിക്കാൻ ശ്രമിക്കുന്നു. ആനുകൂല്യങ്ങൾ അവരുടെ വോട്ട്ബാങ്കിന് നൽകണമെന്നാണ് ഇൻഡി സഖ്യം ആഗ്രഹിക്കുന്നത്. അതിനാലാണ് അവർ മോദിയെ വിമർശിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
ഇൻഡി സഖ്യത്തിന്റെ സ്വാർത്ഥതയും വോട്ട്ബാങ്ക് രാഷ്‌ട്രീയവും രാജ്യത്തിന് വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. വോട്ട്ബാങ്ക് സംരക്ഷിക്കുന്നതിനായാണ് കോൺഗ്രസും ഇൻഡി സഖ്യവും രാമ ക്ഷേത്രത്തെയും പൗരത്വനിയമഭേദഗതിയെയും എതിർക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാർ പ്രാബല്യത്തിൽ വരുന്നതോടെ ആദംപൂർ വിമാനത്താവളത്തിന് ഗുരു രവിദാസ്ജിയുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണ് കോൺഗ്രസുകാർ. അവർക്കൊപ്പം ആം ആദ്മിയും ചേർന്നു. എന്നാൽ ജനങ്ങളെ കൊള്ളയടിച്ചവർക്ക് ജയിലാണ് ഉചിതമായ സ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.















