തിരുവനന്തപുരം: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വളരെയധികം ആശങ്കയുണ്ടെന്ന് മുൻ സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ കെ.വി മധുസൂദനൻ. മൂന്ന് കാര്യങ്ങളിലാണ് തനിക്ക് ആശങ്കയെന്നും കേരളത്തിൽ മതതീവ്രവാദം അനുദിനം വർദ്ധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഭയപ്പെടുത്തുന്ന കേരളത്തിലെ സാഹചര്യങ്ങളെപ്പറ്റി കെ.വി മധുസൂദനൻ പ്രതികരിച്ചത്.
“കേരളത്തെ അലട്ടുന്ന ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ മൂന്നെണ്ണമാണ്. എന്നെ ആശങ്കപ്പെടുത്തുന്നതും ഇതുതന്നെ. പെരുമ്പാവൂർ പോലുള്ള സ്ഥലങ്ങളിൽ കാണുന്ന അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വർദ്ധനവാണ് കേരളം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത്”.
“തൃശൂരിലും തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്ത ഗുണ്ടാരാജും മയക്കുമരുന്ന് ഭീഷണിയുമാണ് രണ്ടാമത്തെ പ്രശ്നം. മറ്റൊന്ന് മതതീവ്രവാദമാണ്. എന്നാൽ, ക്രമസമാധാന സംവിധാനത്തിന് ഉടനടി ഭീഷണി ഉയർത്തുന്നത് ആദ്യ രണ്ട് പ്രശ്നങ്ങളാണ്. മതതീവ്രവാദം കാലക്രമേണയായിരിക്കും കേരളത്തിന് ഭീഷണിയാകുക”- കെ.വി മധുസൂദനൻ.















