ഒരു ദശാബ്ദത്തിന് ശേഷം ഉണ്ണിമുകുന്ദൻ വീണ്ടും തമിഴ് ചലച്ചിത്ര ലോകത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘ഗരുഡൻ’ നാളെ തീയേറ്ററുകളിലേക്കെത്തും. ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിൽ സൂരി, ഉണ്ണിമുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങുന്ന സിനിമയാണ് ഗരുഡൻ.
‘Garudan in theaters from tomorrow. Get ready to witness the rage! In cinemas from tomorrow’ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദൻ സിനിമയുടെ വമ്പൻ പോസ്റ്റർ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസകളും നേർന്ന് രംഗത്തെത്തിയത്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ വേഷം ശ്രദ്ധിക്കപ്പെടുമെന്ന് തന്നെയാണ് വിലയിരുത്തൽ.
വെട്രിമാരനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശികുമാർ, സമുദ്രക്കനി, ശിവദ, രേവതി ശർമ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ആദ്യ ഗാനമായ ഒത്തപ്പട വെറിയാട്ടം എന്ന ഗാനം അടുത്തിടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് നിർമിച്ചത്. സീഡൻ എന്ന സിനിമയ്‌ക്ക് ശേഷം തമിഴകത്തിലേക്കുള്ള ഉണ്ണിമുകുന്ദന്റെ ഗംഭീര തിരിച്ചു വരവ് ഏറെ പ്രീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.















