ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ ഒന്നിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ സ്ഥിരജാമ്യവും ഇടക്കാല ജാമ്യവുമാണ് കെജ്രിവാൾ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് ജാമ്യാപേക്ഷ മാറ്റിയത്.
സ്ഥിരജാമ്യവും നിലവിലെ ഇടക്കാല ജാമ്യം നീട്ടണമെന്ന മറ്റൊരു അപേക്ഷയും കെജ്രിവാൾ കോടതിയിൽ നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴ് ദിവസത്തേക്ക് കൂടി ജാമ്യം നീട്ടണമെന്ന ആവശ്യവുമായാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കെജ്രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് വിചാരണകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
എന്നാൽ കെജ്രിവാൾ പ്രചാരണം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ തടസമാകുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കെജ്രിവാൾ ജാമ്യത്തിന് അർഹനല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. ജൂൺ രണ്ട് വരെയാണ് കെജ് രിവാളിന് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്.