ഭുവനേശ്വർ: വനമേഖലയിൽ നിന്ന് രണ്ട് കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തി. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ നിന്നാണ് ഐഇഡി കണ്ടെത്തിയത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെടുത്തത്.
മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗോച്ചപദ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിലക്പംഗ വനത്തിലായിരുന്നു പരിശോധന. പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ജില്ലാ പൊലീസിന്റെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി കണ്ടെടുത്ത ഐഇഡി നശിപ്പിച്ചു.
അതിർത്തി സുരക്ഷാ സേന, സിആർപിഎഫ്, എസ്ഒജി ന്നീ സായുധസേനകളെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകൾ ഐഇഡി സ്ഥാപിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.