കന്യാകുമാരിയിലെ പ്രസിദ്ധമായ വിവേകാനന്ദപ്പാറയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ഇതിന് ശേഷമാണ് വിവേകാനന്ദപ്പാറയിലേക്ക് അദ്ദേഹം എത്തിയത്. വിവേകാനന്ദ പ്രതിമയിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിത്രത്തിലും ശാരദാദേവി ചിത്രത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. ധ്യാനമണ്ഡപത്തിൽ ജൂൺ ഒന്ന് വരെ അദ്ദേഹം ധ്യാനത്തിലിരിക്കുമെന്നാണ് വിവരം.
Tamil Nadu | Prime Minister Narendra Modi arrived at Vivekananda Rock Memorial in Kanyakumari
He will meditate from 30th May evening to 1st June evening.
PM Modi will meditate day and night at the same place where Swami Vivekanand did meditation, at the Dhyan Mandapam. pic.twitter.com/s3oX46ChZG
— ANI (@ANI) May 30, 2024
രണ്ട് മാസത്തെ തുടർച്ചയായ പ്രചാരണ റാലികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിക്കുന്ന ഘട്ടത്തിൽ അദ്ദേഹം ആത്മീയയാത്ര നടത്തുന്നത് പതിവാണ്. 2019ലെ പ്രചാരണങ്ങൾക്ക് ശേഷം കേദാർനാഥിലും 2014ൽ പ്രതാപ്ഗഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് അദ്ദേഹം 2024ൽ കന്യാകുമാരിയിലെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിലാണ് കന്യാകുമാരി. നാലായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
ചെറുതും വലുതുമായ ധാരാളം പാറകളാണ് കന്യാകുമാരിയിലുള്ളത്. അതിലൊന്നാണ് വിവേകാനന്ദപ്പാറ. നേരത്തെ ശ്രീപാദ പാറ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വിവേകാനന്ദ സ്വാമി ധ്യാനമിരുന്നതിന് ശേഷമാണ് ഇത് വിവേകാനന്ദപ്പാറയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.















