മൈസൂർ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം ഒരുക്കി ശ്രദ്ധ നേടിയ യുവ ശിൽപിയാണ് അരുൺ യോഗിരാജ് . 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയ്‌ക്കായി അരുൺ നിർമ്മിച്ചത് .
ഇപ്പോഴിതാ കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് നന്ദി വിഗ്രഹം ഒരുക്കിയിരിക്കുകയാണ് അരുൺ യോഗിരാജ് . വിഗ്രഹം നിർമ്മിക്കാൻ അമർനാഥ് ക്ഷേത്രത്തിന്റെ ഭരണസമിതിയാണ് അരുണിനെ സമീപിച്ചത് . മൂന്നടി ഉയരമുള്ള വിഗ്രഹമാണ് നിർമ്മിച്ചിരിക്കുന്നത്.
മൈസൂരിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ കൃഷ്ണശിലയിലാണ് നിർമ്മാണം . അമർനാഥിലെ ശിവലിംഗത്തിന് മുന്നിലാണ് നന്ദി വിഗ്രഹം സ്ഥാപിക്കുക . ജൂൺ അവസാനത്തോടെ നന്ദിവിഗ്രഹത്തിന്റെ പ്രതിഷ്ഠ നടക്കും . രണ്ടര മാസത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് നന്ദി വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായത്.
കഴുത്തിൽ മണി, ചങ്ങല , ഹാരം എന്നിവയോടെയാണ് വിഗ്രഹത്തിന്റെ നിർമ്മാണം . കഴിഞ്ഞ ദിവസമാണ് വിഗ്രഹം കശ്മീരിലേയ്‌ക്ക് അയച്ചത് . ഏറെ സന്തോഷമുണ്ടെന്നും , കലയെ ഇത്രയേറെ സ്നേഹിച്ചതിനാലാകും ഈ പുണ്യം തനിക്ക് ലഭിച്ചതെന്നുമാണ് അരുൺ യോഗിരാജ് പറയുന്നത് .















