കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്കാണ് വിഷബാധയേറ്റത്. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നും മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവാഴ്ച രാത്രി വയനാട്ടിലേക്ക് പോയ കുടുംബം വൈത്തിരിയിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കുകയായിരുന്നു. ആരാധ്യക്ക് ഛർദ്ദിവും വയറിളക്കവും അനുഭവപ്പെട്ടതിന് പിന്നാലെ മറ്റുള്ളവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സ തേടിയ കുടുംബം മകളുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.















