തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർമാർക്ക് നിർദേശവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്നും ബസുകൾ ഇടതുവശം ചേർത്ത് മാത്രം ഒതുക്കി നിർത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്. ബസ് ഇടിച്ചുണ്ടാകുന്ന മരണങ്ങളിൽ കുറവുണ്ട്. നേരഞ്ഞെ അഞ്ച്, ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കുറവുണ്ട്. വാഹനങ്ങൾ രണ്ട് വശത്തും ഒരുപോലെ നിർത്തരുത്. യാത്രക്കാർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ വീഡിയോ എടുത്ത് അയയ്‌ക്കാം. ഇതിനായി വാട്സ്ആപ്പ് നമ്പർ ഉടൻ പ്രസിദ്ധീകരിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ജനങ്ങൾക്കും മന്ത്രി നിർദേശം നൽകി. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബസ് തടഞ്ഞുനിർത്തുകയോ ജീവനക്കാരെ മർദ്ദിക്കുകയോ ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. വൈഫൈ ഉപയോഗിച്ച് ബസുകളിലെ ക്യാമറ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ കെഎസ്ആർടിസി ഹെഡ് ഓഫീസിലേക്ക് വരും. ജനങ്ങളുടെ എന്ത് പരാതിയും നേരിട്ട് കാണാൻ സാധിക്കും. കെഎസ്ആർടിസിയിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.















