എഴുതിയത് ടി. സതീശൻ
സ്വാമി വിവേകാനന്ദൻ, പൂർവാശ്രമത്തിലെ നരേന്ദ്രൻ, 1892 ഡിസംബർ 25, 26, 27 തീയതികളിൽ തപസ്സനുഷ്ഠിച്ച, കന്യാകുമാരിയിൽ മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ശിലയിൽ, ആധുനിക നരേന്ദ്രൻ, നമ്മുടെ ഉന്നതശീർഷനായ പ്രധാനമന്ത്രി, ധ്യാനിക്കുകയാണ്. കഠിനമായ തെരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം, രാഷ്‌ട്രത്തിനും ലോകത്തിനുമായി പ്രവർത്തിക്കാനുള്ള ഊർജശേഖരണ പ്രക്രിയയാണ് ഈ ധ്യാനദിനങ്ങൾ. വിവേകാനന്ദ ശിലാസ്മാരകത്തിലെ ഉള്ളറയിൽ ആദ്ധ്യാത്മിക ചേതന നിശ്ശബ്ദമായി തുളുമ്പുന്ന, സദാ ഓംകാരധ്വനി മുഴങ്ങുന്ന ധ്യാനമുറിയിലാണ് നരേന്ദ്രന്റെ രണ്ടു ദിനങ്ങൾ. സംഘശക്തിയുടെ തെളിമയാർന്ന പ്രതിബിംബത്തെ തന്നെ, വിവേകാനന്ദ ശിലാ സ്മാരകത്തെ, ആ ഉത്തമ സ്വയംസേവകൻ തന്റെ ഊർജ്ജസ്രോതസ്സായി കണ്ടിരിക്കുന്നു. തീർത്തും ഉത്തമമായ കർമ്മം. സമുദ്രജലത്തിൽ തല ഉയർത്തി നിൽക്കുന്ന വിവേകാനന്ദ ശിലാ സ്മാരകം കാഴ്ചക്കാരുടെ മിഴികളെയും ഹൃദയങ്ങളെയും കോൾമയിർ കൊള്ളിക്കുമ്പോൾ ആ സുന്ദരസ്മാരക മന്ദിരം രൂപം കൊണ്ടതെങ്ങിനെ എന്ന പരിശോധന സ്വാഭാവികമായും ഉയരുന്നു.
ഇത്തരുണത്തിൽ ആദ്യം ഓർക്കുന്നത് അതിശക്തരായിരുന്ന പ്രധാനമന്ത്രി നെഹ്രു, അന്നത്തെ ‘മദ്രാസ്’ മുഖ്യമന്ത്രി ഭക്തവൽസലം തുടങ്ങിവരുടെ ‘സ്മാരക വിരുദ്ധ’ കടുംപിടുത്തത്തെ തന്റെ അനിതരസാധാരണമായ ഇച്ഛാശക്തിയും അനുപമമായ കാര്യശേഷിയും കൊണ്ട് എതിർത്തു തോൽപ്പിച്ച മുൻ ആർഎസ്എസ് സർകാര്യവാഹ് എക്ന്നാഥ് റാനഡേജിയും പി.ബി. ലക്ഷ്മണൻ എന്ന ലക്ഷ്മണേട്ടനെയും ബാലൻ എന്ന ബാലേട്ടൻ ഉൾപ്പടെയുള്ള മലബാറിലെ ഒരുപിടി സംഘ സ്വയംസേവകരെയും.
എന്താണ് ലക്ഷ്മണേട്ടന്റെയും ബാലേട്ടന്റെയും പ്രസക്തി ?
വർഷം 1962. വിവേകാനന്ദ സ്വാമിജിയുടെ ജന്മശതാബ്ധി. മദ്രാസിലെ ചില വിവേകാനന്ദ ഭക്തർ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ഒരു വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിച്ചു. പക്ഷെ, ആ പ്രദേശത്തെ സംഘടിത ക്രൈസ്തവവിഭാഗം അത് അംഗീകരിക്കാൻ തയ്യാറായില്ല. അത് തടയാൻ ഏതറ്റം വരെ പോകാനും അവർ തയ്യാറായി. അവർ പാറയിൽ ഒരു കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചു. ‘കന്യകാ മേരി’ എന്ന് ബന്ധപ്പെടുത്തിയാണ് കന്യാകുമാരി എന്ന പേര് വന്നത് എന്ന കഥയും ഇറക്കി. കുരിശ് ഉള്ളപ്പോൾ പ്രതിമ അസംഭവ്യം.
ആ ദിവസങ്ങളിൽ സംഘത്തിന്റെ വിഭാഗ് പ്രചാരക് പി. മാധവ്ജിയും ജില്ല പ്രചാരക് വി.പി. ജനേട്ടനും കോഴിക്കോട് കടപ്പുറം വെള്ളയിൽ ശാഖാ മുഖ്യശിക്ഷക് ലക്ഷ്മണേട്ടനെയും മറ്റ് ചില സ്വയംസേവകരെയും കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. ആ സംഘത്തിനു ഒരു പുതിയ ദൗത്യം: ശിലയിലെ കുരിശ് നീക്കം ചെയ്തുകൊണ്ട് സ്മാരകനിർമ്മാണത്തിന് വഴിയൊരുക്കുക. “ഹിന്ദു ദേഹം, ഹിന്ദു മനസ്സ്, അണുവണു തോറും ഹിന്ദു ഞാൻ” എന്ന് ശാഖയിൽ ജപിച്ചു പഠിച്ച ആ യുവസംഘം കന്യാകുമാരിയിലേക്ക് ഉടനെ പുറപ്പെട്ടു. കോഴിക്കോടുള്ള വെള്ളയിൽ, പയ്യോളി, മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. ലക്ഷ്മണേട്ടനും ബാലേട്ടനുമായിരുന്നു അവരിൽ പ്രമുഖർ.
കന്യാകുമാരിയിൽ എത്തിച്ചേർന്ന ആ ‘ടാസ്ക് ഫോഴ്സ്’ന് കാര്യനിർവ്വഹണം എളുപ്പമല്ലായിരുന്നു. സംഘടിത ക്രൈസ്തവ വിഭാഗം കുരിശിനു സംരക്ഷണം നൽകിയിരുന്നു. സംഘത്തിനോ ജനസംഘത്തിനോ അവിടെ ഒരു സ്വാധീനവും ഇല്ലായിരുന്നു. കൂടാതെ മദ്രാസ് മുഖ്യമന്ത്രി ഭക്ത വൽസലത്തിന്റെ പരിപൂർണ്ണ പിന്തുണ സ്മാരക വിരുദ്ധർക്ക് ഉണ്ടായിരുന്നു. അതികായനായ നെഹ്രുവിന്റെ പിന്തുണ മുഖ്യമന്ത്രിക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ആയി തന്നെ ഉണ്ടായിരുന്നു എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. എന്നാൽ സംഘത്തിൽ നിന്ന് ശീലിച്ച അനുശാസനവും ഉള്ളിൽ ജ്വലിച്ച ഹിന്ദുത്വവും തുളുമ്പുന്ന ദേശീയബോധവവും ലക്ഷ്മണേട്ടന്റെയും ബാലേട്ടന്റെയും കൈയ്യിൽ കരുതിയ ഇരുമ്പ് പാരകൾക്ക് വജ്രസമാനമായ കരുത്തേകി. വിവേകാനന്ദൻ പാർക്ക് ചുറ്റും കുരിശിനു കാവൽ, നിൽക്കുന്ന നൂറ്റമ്പതോളം വള്ളങ്ങളിലെ “പാറാവുകാരുടെ” കണ്ണ് വെട്ടിച്ച് അവരത് ചെയ്തു. കുരിശ് തകർന്നു. അതിന്റെ ചീളുകൾ കന്യാകുമാരിയിലെ തിരമാലകൾക്ക് ഭക്ഷണം. അതൊരു തുടക്കം മാത്രം, തുടർന്ന് പള്ളിയിൽ കൂട്ടമണി. ദിവസങ്ങളോളം കന്യാകുമാരിയിൽ 144.
ആ കാലത്ത് തന്നെ സ്മാരകാനുഭാവികളുടെ ആഗ്രഹമനുസരിച്ച് ആർഎസ്എസ് സർസംഘചാലക് സ്വർഗീയ ഗുരുജി ഗോൾവൽക്കർ ഉചിതമായ നടപടികൾ എടുത്തുതുടങ്ങിയിരുന്നു. സംഘത്തിന്റെ മുൻ സര്കാര്യവഹ് എക്ന്നാഥ് റാനഡേജിയെ അദ്ദേഹം സ്മാരക നിർമ്മാണത്തിന്റെ നേതൃത്വം വഹിക്കാനായി കന്യാകുമാരിയിലേക്ക് നിയോഗിച്ചു. സ്മാരകം വേണമെന്ന ആഗ്രഹം ഉള്ളിൽ കത്തിജ്വലിച്ച് നിന്ന ചില സജ്ജനങ്ങൾ മദ്രാസിൽ നിന്ന് നാഗ്പൂരിൽ വന്നു ഗുരുജിയെ കണ്ടു സഹായം അഭ്യർത്ഥിച്ചത്തിന്റെ ഫലമായിരുന്നു അത്.
ഇനിയുള്ളത് സ്മാരക നിർമ്മാണത്തിനായുള്ള എക്ന്നാഥ് റാനഡേജിയുടെ ഭഗീരഥ പ്രയത്നത്തിന്റെ ഇതിഹാസമാണ്. കരുത്തനായ പ്രധാനമന്ത്രിയുടെയും ശക്തനായ മദ്രാസ് മുഖ്യമന്ത്രിയുടെയും എതിർപ്പിനെയാണ് അദ്ദേഹത്തിന് മറികടക്കേണ്ടിയിരുന്നത്. നെഹ്റുവിന്റെ പ്രശ്നം ‘മതേതരത്വം’ ആയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ വേവലാതി നഷ്ട്ടപ്പെടുമായിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് ആയിരുന്നു. മദ്രാസ് സംസ്ഥാനത്ത് (ഇന്നത്തെ തമിഴ്നാട്ടിൽ) അന്ന് സംഘപ്രവർത്തനം വേണ്ടത്ര കരുത്താർജിട്ടുണ്ടായിരുന്നില്ല. കന്യാകുമാരിയിൽ പ്രവർത്തനമേ ഉണ്ടായിരുന്നില്ല. അതിനാൽ എക്ന്നാഥ്ജിക്കു വേണ്ടതായ പിന്തുണ നല്കിയത് കേരളം. അന്നത്തെ കേരള സംഭാഗ് (പിന്നീട് പ്രാന്ത്) പ്രചാരക് കെ. ഭാസ്ക്കർ റാവുജി അതിനു ശരിയായ നേതൃത്വം നല്കി.
എക്ന്നാഥ്ജി തന്റെ പ്രവർത്തനം തുടങ്ങി. സംഘത്തിന്റെ സമ്പർക്ക ശൈലി ആയിരുന്നു അദ്ദേഹം അനുവർത്തിച്ചത്. ഭാരത പാർലമെന്റിന്റെ ഇരു മണ്ഡലങ്ങളിലെയും എല്ലാ അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. ശില സ്മാരകം സ്ഥാപിക്കാനുള്ള അനുമതിക്കായി പ്രധാനമന്ത്രിക്ക് സമർപ്പിക്കേണ്ട നിവേദനത്തിൽ ഒപ്പ് ശേഖരമായിരുന്നു ഒന്നാം ഘട്ടം. എക്ന്നാഥ്ജിയുടെ ടവറിങ്ങ് പേർസനാലിറ്റിയുടെ മുന്നിൽ, ആ വാദമുഖങ്ങൾക്ക് മുന്നിൽ, കൊൺഗ്രസ്, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടി, സോഷ്യലിസ്റ്റ് പാർട്ടികൾ എന്നിങ്ങിനെയുള്ള എംപിമാർ മുഴുവൻ നിവേദനത്തിൽ ഒപ്പ് വെച്ചു. നെഹ്റുവിന്റെ കടുത്ത നിലപാടിനെതിരെയുള്ള ആ നീക്കത്തിന് അവരെ പ്രേരിപ്പിച്ചത് എക്ന്നാഥ്ജിയിലെ കറയറ്റ സ്വയംസേവകത്വവും നേതൃപാഠവുമായിരുന്നു. അതോടൊപ്പം വിവിധ പാർട്ടികളുടെ ഉന്നത നേതാക്കളെയും അദ്ദേഹം സമ്പർക്കത്തിൽ നിർത്തി. നെഹ്രുവിനെ സ്വാധീനിക്കാൻ കഴിവുള്ള സഹപ്രവർത്തകൻ ലാൽ ബഹാദൂർ ശാസ്ത്രി ആണെന്ന് തിരിച്ചറിഞ്ഞ എക്ന്നാഥ്ജി അദ്ദേഹത്തെ സ്മാരകത്തിന്റെ ആരാധകനാക്കി. പ്രൊഫ. എം.സി. ചഗ്ല, രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ, കാഞ്ചി കാമ കോടി പീഠം ശങ്കരാചാര്യർ.. തുടങ്ങിയവരും അനുഭാവം പ്രകടിപ്പിച്ചു. ഡി.എം.കെ. നേതാക്കളായ സി.എൻ. അണ്ണാദുരെയും നെടുഞ്ചെഴിയനും നിർമ്മാണ കമ്മിറ്റിയിൽ അംഗമാകാൻ സമ്മതിച്ചു. എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പദ്മനാഭനും മുൻനിരയിൽ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരും ഗവർണ്ണർമാരും സ്മാരകത്തിന്റെ ആവശ്യകത അംഗീകരിച്ചു. അങ്ങനെ അവസാനം നെഹ്രുവിന്റെ അനുമതി.
ഇനിയാണ് എക്ന്നാഥ്ജിയുടെ രണ്ടാം മഹായുദ്ധം. നിർമ്മാണത്തിന് വേണ്ട ധനസമാഹാരണം. അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരെയും വിവിധ രാഷ്‌ട്രീയ നേതാക്കളെയും സമീപിച്ചു. എല്ലാ മുഖ്യമന്ത്രിമാരും ഭേദപ്പെട്ട തുകകൾ നല്കി. അന്നത്തെ കേരള മുഖ്യമന്ത്രി ഇഎംഎസ് മാത്രം ഒന്നും നൽകിയില്ല. താൻ പറഞ്ഞ മുഴുവൻ കാര്യങ്ങളും കേട്ട കേരള മുഖ്യമന്ത്രി ഒരക്ഷരം പോലും ഉരിയാടിയില്ല എന്നു എക്ന്നാഥ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സി. അച്ചുതമേനോന്റെ കാലത്താണ് കേരളത്തിന്റെ വിഹിതം നല്കിയത്.
സിപിഎം നേതാവ് ജ്യോതി ബസുവിനെ സന്ദർശിച്ച വിവരവും എക്ന്നാഥ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പാർട്ടിയുടെ നയം വ്യത്യസ്തമായതിനാൽ സഹകരിക്കാൻ വയ്യ എന്നു അദ്ദേഹം പറഞ്ഞു. ‘താങ്കളുടെ പത്നി കുറച്ചു രൂപ സ്വരൂപിച്ചു തരുന്നതിൽ താങ്കൾക്ക് വിരോധമുണ്ടോ” എന്നായി എക്ന്നാഥ്ജി. വിരോധമില്ല എന്ന് ബസുവിന്റെ മറുപടി. എക്ന്നാഥ്ജി. ഉടൻ അദ്ദേഹം അവർക്കു റെസീറ്റ് ബുക് കൊടുത്തു. ശ്രീമതി ബസു സ്വരൂപിച്ചു കൊടുത്തത് 10,000 രൂപയായിരുന്നു.
വിദ്യാലയങ്ങളിലും കലാലയങ്ങളിലും നടത്തിയ ‘വിവേകാനന്ദ സ്റ്റാമ്പ്’ വിൽപ്പനയിലൂടെയും ഫണ്ട് സമാഹരണം നടന്നു. അത് പുതു തലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയ പദ്ധതിയായിരുന്നു.
ഈ പ്രവർത്തനത്തിനിടയ്‌ക്കും എക്നാഥ്ജി അടിമുടി സ്വയംസേവകൻ തന്നെ ആയിരുന്നു. സ്മാരക നിർമ്മാണത്തിന്റെ ആവശ്യം മുൻനിർത്തി അദ്ദേഹത്തിന് നിരന്തരം യാത്ര ചെയ്യേണ്ടിയിരുന്നു. അതിനായി ശാസ്ത്രീജി അദ്ദേഹത്തിന് ഒരു സൗജന്യ റെയിൽവേ പാസ് നൽകി. സ്മാരകം ഉദ്ഘാടനം കഴിഞ്ഞ ഉടനെ അദ്ദേഹം അത് തിരിച്ചു കൊടുത്തു. റെയിൽവേ ഉദ്യോഗസ്ഥർ നിർബന്ധിച്ചിട്ടും അത് തിരിച്ചെടുക്കാൻ അദ്ദേഹം തയ്യാറായില്ല. സ്വയംസേവകത്വത്തിന്റെ ഉത്തമ ഉദാഹരണം.
എക്ന്നാഥ്ജിയുടെ യാത്രാ ചിലവിനായി സംഘത്തിന്റെ കേരള പ്രാന്ത് അദ്ദേഹത്തിന് പ്രതിമാസം 2,500 രൂപ കൊടുത്തിരുന്നു. അതിനുള്ള ധനശേഖരണം നടത്താൻ ഭാസ്കർ റാവുജി ചുമതലപ്പെടുത്തിയത് അന്നത്തെ തിരുവനന്തപുരം ജില്ല പ്രചാരക് വി.പി. ജനാർദ്ദനൻ എന്ന ജനേട്ടനെ ആയിരുന്നു. നിർമ്മാണ പ്രവർത്തനം പൂത്തിയായപ്പോൾ ഇനി അത് നിർത്താമെന്ന് എക്ന്നാഥ്ജി ഭാസ്കർ റാവുജിയോട് പറഞ്ഞു.
സ്ഥാണു ആചാര്യന്റെ നേതൃത്വത്തിൽ പണി പുരോഗമിച്ചു. അങ്ങനെ ആ നൂറ്റാണ്ടു കാത്തു നിന്ന സുദിനം വന്നെത്തി. സെപ്റ്റംബർ 2, 1970. രാഷ്‌ട്രപതി വി.വി. ഗിരി വിവേകാനന്ദ ശിലാ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു എക്ന്നാഥ്ജി റാനഡേ എന്ന ആധുനിക ഭാഗീരഥന്റെ പ്രയത്ന വിജയം. മലബാറിലെ മുപ്പതോളം സ്വയംസേവകരുടെ ജീവൻ പണയം വെച്ചു കടലിൽ നടത്തിയ പോരാട്ടത്തിന്റെ കർമ സാഫല്ല്യം.
ഇന്ന് വിവേകാനന്ദ ശില സ്മാരകം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീർഥാടന കേന്ദ്രവും വിനോദ യാത്രാ കേന്ദ്രവുമായി മാറിയിരിക്കുന്നു. ആധുനിക നരേന്ദ്രന്റെ ധ്യാനദിനങ്ങളോടെ സ്മാരകം ഒരു അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമാകുമെന്നത് തീർച്ച.
സ്മാരകത്തിലെ ധ്യാനമണ്ഡപത്തിൽ ആധുനിക നരേന്ദ്രൻ രാഷ്‌ട്രത്തിന്റെ പരമവൈഭവത്തിനും ലോകത്തിന്റെ നന്മക്കും വേണ്ടി യത്നിക്കാനുള്ള ഊർജ്ജം സംഭരിക്കാൻ ധ്യാനനിമഗ്നനാകുമ്പോൾ ലോകം മുഴുവൻ എക്ന്നാഥ്ജി എന്ന അതുല്ല്യ ജീനിയസ്സിനെ ആരാധനയോടും ഭക്തിയോടും കൃതജ്ഞതയോടും കൂടെ സ്മരിക്കുന്നു.
ടി. സതീശൻ
9388609488
satishtalappilli@gmail.com















