വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായിരുന്ന പ്രതികൾക്ക് ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് ഡയസാണ് ഉപാധികളോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത്. സിദ്ധാർത്ഥിന്റെ മാതാവ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കൃത്യമായ അന്വേഷണം നടത്താതെയാണ് സിബിഐ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്ന് വിദ്യാർത്ഥികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയവ പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ആൾക്കൂട്ട വിചാരണയെ തുടർന്ന് ഫെബ്രുവരി 18-ാം തീയതിയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെ 8 സീനിയർ വിദ്യാർത്ഥികൾ പിടിയിലായിരുന്നു. റാഗിംഗ്, ആത്മഹത്യാപ്രേരണ, ഗൂഡാലോചന, മർദനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾ ആൾക്കൂട്ട വിചാരണയാണ് നടത്തിയതെന്നും അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.















