പട്ന: ഉഷ്ണതരംഗം ഉയർന്നതോടെ ബിഹാറിൽ ജീവഹാനി സംഭവിച്ചവരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സർക്കാർ പുറത്തുവിടുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് 10 പോളിംഗ് ഉദ്യോഗസ്ഥർ അടക്കം 14 പേർ മരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ബിഹാറിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
ഭോജ്പൂർ ജില്ലയിലാണ് ഏറ്റവുമധികം പേർ മരിച്ചത്. രോഹ്താസ്, കൈമൂർ, ഔറംഗബാദ് ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സൂര്യാഘാതം കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ബിഹാർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്കയിടങ്ങളിലും 44 ഡിഗ്രി സെൽഷ്യസാണ് താപനില. വ്യാഴാഴ്ച ബുക്സാറിൽ 47.1 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. ഔറംഗബാദ്, ഡെഹ്റി, ഗയാ, അർവാൾ, ഭോജ്പൂർ എന്നിവിടങ്ങളിൽ 45 മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ എട്ട് വരെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.















