ന്യൂഡൽഹി : ഉഷ്ണതരംഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹരിയാനയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. ജനങ്ങൾക്ക് ആവശ്യമായ ജലം വിട്ടുനൽകണമെന്ന് ഹരിയാനയ്‌ക്കും ഹിമാചൽപ്രദേശിനും നിർദേശം നൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ഡൽഹിയിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനിലയെന്നും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഹരിയാനയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും കൂടുതൽ ജലം വിട്ടു നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജലവിതരണം നടക്കുന്നുണ്ടെങ്കിലും രൂക്ഷമായ ജലക്ഷാമം തുടരുകയാണെന്നും ഹർജിയിൽ പറയുന്നു.
നിലവിൽ ഹിമാചലിൽ നിന്നും ഡൽഹിയിലേക്ക് ജലം വിട്ടു നൽകുന്നുണ്ട്. എന്നാൽ വാസിരാബാദ് വഴിയാണ് ജലം ഡൽഹിയിലേക്ക് എത്തുന്നതെന്നും ഇത് ജലവിതരണത്തിന് പ്രായസമുണ്ടാക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. അതിനാൽ ഹരിയാനയിലെ അതിർത്തി വഴി ജലവിതരണം സാധ്യമാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹരിയാനയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്നും രാഷ്‌ട്രീയ താത്പര്യങ്ങൾ മുൻ നിർത്തിയല്ല ഹർജി സമർപ്പിക്കുന്നതെന്നുമാണ് ഡൽഹി സർക്കാരിന്റെ വാദം.
ചൂട് കൂടിയതോടെ ഡൽഹിയിലെങ്ങും ജലദൗർലഭ്യം കടുത്ത രീതിയിലാണ് അനുഭവപ്പെടുന്നത്. ടാങ്കറുകളിൽ രണ്ട് നേരം വെളളം വിതരണം ചെയ്തിരുന്നുവെങ്കിലും വെളളത്തിന്റെ ലഭ്യതക്കുറവ് മൂലം ഇത് ഒരു നേരമാക്കി ചുരുക്കിയിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മുൻനിർത്തിയാണ് ഡൽഹി സർക്കാരിന്റെ ആവശ്യം.















