കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് പുതിയ വിസി. വൈസ് ചാൻസിലറായി ഡോ. കെ.കെ സാജുവിനെ നിയമിച്ചു. ഇത് സംബന്ധിച്ച് രാജ്ഭവൻ ഉത്തരവിറക്കി. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ഡോ. കെ.കെ സാജു.
സർക്കാരിന് വൻ തിരിച്ചടിയായി മുൻ വൈസ് ചാൻസിലർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെ കത്തെഴുതിയിരുന്നുവെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിരുന്നുവെന്ന് ഗവർണർ തുറന്ന് സമ്മതിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുനർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ചട്ടലംഘനം നടത്തി നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23-നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് പുനർനിയമനം നൽകിയത്.
കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ നൽകിയ ഹർജിയിലാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.