ന്യൂഡൽഹി: വിമാനങ്ങൾ നിരന്തരം സർവീസ് വൈകിപ്പിക്കുന്നതും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്. ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 24 മണിക്കൂറിലേറെ വൈകിയെന്നും, വിമാനത്തിൽ ശീതീകരണ സംവിധാനം ഇല്ലാത്തതുകാരണം ആളുകൾ കുഴഞ്ഞുവീണതായുമുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളെന്നാണ് എയർ ഇന്ത്യയുടെ ന്യായീകരണം. ഡൽഹിയിൽ താപനില വളരെ ഉയർന്ന നിലയിൽ ആയിട്ടും യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് വേണ്ടി എന്തുകൊണ്ട് വേണ്ടത്ര മുന്നൊരുക്കൾ നടത്തിയില്ലെന്ന് നോട്ടീസിലൂടെ കേന്ദ്രം ചോദിച്ചു. യാത്രക്കാരെ വിമാനത്തിൽ കയറ്റാതിരിക്കുകയോ , വിമാനം റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വിമാനകമ്പനികൾ യാത്രികരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ പ്രദാനം ചെയ്യണമെന്നാണ് നിയമം. എന്നാൽ ഇതിന്റെ പ്രത്യക്ഷമായ ലംഘനമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും നോട്ടീസിൽ പറഞ്ഞു.
എയർ ഇന്ത്യയുടെ വിമാന സർവീസുകൾ വൈകുന്നത് ഇതാദ്യമായല്ല. ഒരാഴ്ച മുൻപ് മുംബൈയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം 5 മണിക്കൂറോളം വൈകിയതിനെ തുടർന്ന് സർവീസ് അടുത്ത ദിവസത്തേക്ക് മാറ്റിയിരുന്നു. ദീർഘനേരം വിമാനത്തിനുള്ളിൽ കാത്തിരുന്ന യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യവും ഉണ്ടായി.