ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ലോക ആറാം നമ്പർ വനിതാ ഡബിൾസ് ജോഡികളായ കിം സോ യിയോംഗ് – കോംഗ് യോംഗ് സഖ്യത്തെ തോൽപ്പിച്ച് ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യം. സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ നേടിയ ഈ അട്ടിമറി വിജയത്തിലൂടെ ഇന്ത്യൻ സഖ്യം സെമി ഫൈനലിലേക്ക് മുന്നേറി. വേൾഡ് ടൂർ സൂപ്പർ 750-ൽ ഇരുവരും ആദ്യമായാണ് സെമി ഫൈനലിന് യോഗ്യത നേടുന്നത്.
കോമൺവെൽത്ത് വെങ്കല മെഡൽ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിലാണ് വിജയം പിടിച്ചെടുത്തത്. സ്‌കോർ 18-21, 21-19, 24-22. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പ്രമുഖതാരങ്ങൾ പുറത്തായ ഇന്ത്യക്ക് ഇരുവരുടെയും സെമി ഫൈനൽ പ്രവേശനം ആശ്വാസമാണ്. ലക്ഷ്യ സെൻ, എച്ച് എസ് പ്രണോയ്, പിവി സിന്ധു എന്നിവർ നേരത്തെ പുറത്തായിരുന്നു.
ജപ്പാന്റെ നമി മത്സുയാമ, ചിഹാരു ഷിഫ, ഇന്തോനേഷ്യയുടെ അപ്രിയാനി രഹായു- സീതി ഫാഡിയ സിൽവ സഖ്യത്തിലെ വിജയികളെയാകും സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ നേരിടുക. നാളെയാണ് സെമി ഫൈനൽ.















