എറണാകുളം: ആവേശം സിനിമാ മോഡലിൽ കാറിനുള്ളിൽ യൂട്യൂബർ സഞ്ജു ടെക്കി സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര ചെയ്ത സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. മോട്ടോർ വാഹനങ്ങൾ രൂപമാറ്റം വരുത്തി ചട്ടലംഘനം നടത്തുന്ന യൂട്യൂബർമാർക്കെതിരെയും മറ്റുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചു.
ചട്ടങ്ങൾ ലംഘിച്ച് വാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്‌ളോഗർമാരടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും സഞ്ജുവിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നത് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതി ജസ്റ്റിസുമാരായ പിബി അജിത് കുമാർ, അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംഭവം നേരിട്ട് പരിഗണിച്ചത്. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ട്, ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.















