ഇന്ന് മിക്ക വീടുകളിലെയും ഒഴിച്ച് കൂടാനാകാത്ത പാത്രമാണ് നോൺ-സ്റ്റിക്ക് പാനുകൾ. പാചകത്തെ സുഗമമാക്കാനും വളരെ കുറച്ച് എണ്ണയിൽ പാചകം ചെയ്യുന്നതിനും നോൺ-സ്റ്റിക്ക് പാനുകൾ ഉപകാരപ്രദമാണ്. അലുമിനിയം,മൺചട്ടി,സ്റ്റീൽ തുടങ്ങിയ പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോൺ-സ്റ്റിക്ക് പാനുകൾക്ക് ആയുസ് കുറവാണ്.
നോൺ-സ്റ്റിക്ക് പാനുകളുടെ ഉപയോഗം കൂടുമ്പോൾ ഗുണങ്ങളെല്ലാം നഷ്ടപ്പെടും. അതിനാൽ, കാലാവധി കഴിഞ്ഞ നോൺ-സ്റ്റിക്ക് പാനുകൾ മാറ്റേണ്ടത് അത്യാവശ്യമാണ്. കാലാവധി കഴിഞ്ഞ നോൺ-സ്റ്റിക്ക് പാനുകളെ എങ്ങനെ കണ്ടെത്താമെന്ന് നോക്കാം.
ചൂടുകൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബർ ഉപയോഗിച്ച് കഴുകുമ്പോഴുമാണ് ഈ പാത്രങ്ങളുടെ കോട്ടിംഗ് പോകുന്നത്. കോട്ടിംഗ് ഇളകി പോയാൽ, നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ടെഫ്‍ലോൺ എന്ന കോട്ടിംഗാണ് ഈ പാത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതിൽ അടങ്ങിയിട്ടുണ്ട്.
അതിനാൽ, ഓരോ അഞ്ച് വർഷം കഴിയുമ്പോഴും നോൺസ്റ്റിക് പാനുകൾ മാറ്റേണ്ടതാണ്. നോൺ-സ്റ്റിക്ക് പാൻ പാത്രത്തിലെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാൽ പിന്നീട് അത് ഉപയോഗിക്കരുതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പാനുകൾക്ക് ഇരുണ്ട നിറം വന്നു തുടങ്ങിയാൽ അതിന്റെ കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്.















