ന്യൂഡൽഹി: റെമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പ്രകൃതിദുരന്തം സംഭവിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസം, ത്രിപുര, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് റെമാൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തം സംഭവിച്ച അഞ്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ ധനസഹായം നൽകുമെന്നും അമിത് ഷാ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബാധിച്ച ചുഴലിക്കാറ്റും കനത്ത മഴയും കാരണം നിരവധി ജീവനുകളാണ് നഷ്ടമായത്. തുടർച്ചയായ മഴയും മണ്ണിടിച്ചിലും കാരണം നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.















