ഇന്ധനവില കുറച്ച് യു.എ.ഇ, ദേശീയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം ഇന്ധനവിലയില്‍ ശരാശരി 20 ഫില്‍സിന്റെ കുറവാണുണ്ടാവുക. നാല് മാസത്തെ തുടര്‍ച്ചയായ വില വര്‍ദ്ധനക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്.യുഎഇയില്‍ ജൂൺ മാസത്തേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്.
രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയും .പെട്രോളിന് ലിറ്ററിന് 20 ഫിൽസ് വീതമാണ് കുറയുക . ഇതോടെ സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 34 ഫിൽസിൽ നിന്നും 3 ദിർഹം 14 ഫിൽസാകും. സമാനമായ തരത്തില്‍ സ്പെഷ്യൽ പെട്രോൾ വില 3 ദിർഹം 02 ഫിൽസ് ആയും ഇ-പ്ലസിന്റെ വില 2 ദിർഹം 95 ഫിൽസായും കുറയും.
ഡീസല്‍ വിലയിലും അടുത്ത മാസം കുറവുണ്ടാകും. 3.07 ദിർഹത്തിൽ നിന്നും 2.88 ദിർഹമായാണ് ഡീസിൽ വില കുറയുക. പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി നിലവിൽ വരും.രാജ്യാന്തര തലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്‌തശേഷം ഇന്ധനസമിതി യോഗം ചേർന്നാണ് യുഎഇയിലെ അടുത്ത മാസത്തെ വില തീരുമാനിക്കുന്നത്. ഇന്ധന വിലയ്‌ക്ക് അനുസൃതമായി വിവിധ എമിറേറ്റുകളില്‍ ടാക്‌സി, ബസ് നിരക്കിലും മാറ്റം വരാറുണ്ട്.













