ന്യൂഡൽഹി: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ഇന്ന് സമാപനം. 57 സീറ്റുകളിലായി വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. പഞ്ചാബ്(13), പശ്ചിമ ബംഗാൾ(9), ഉത്തർപ്രദേശ്(13), ബിഹാർ(6), ഒഡിഷ(6), ഹിമാചൽപ്രദേശ്(4), ജാർഖണ്ഡ്(3), ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വാരാണസിയിൽ മത്സരിക്കുന്ന നരേന്ദ്രമോദി ഉൾപ്പെടെ 904 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 2014ലാണ് പ്രധാനമന്ത്രി ഈ മണ്ഡലത്തിൽ നിന്ന് ആദ്യമായി ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അജയ് റായ് തന്നെയാണ് ഇക്കുറിയും വാരാണസിയിൽ നിന്ന് പ്രധാനമന്ത്രിക്കെതിരായി മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അജയ് റായ് പ്രധാനമന്ത്രിക്കെതിരായി മത്സരിച്ചിരുന്നു.
ഒഡിഷയിൽ 42 നിയമസഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഹിമാചൽപ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ(ഹാമിർപൂർ-ഹിമാചൽ പ്രദേശ്), രവിശങ്കർ പ്രസാദ്(പാട്ന, ബിഹാർ), കങ്കണ റണൗട്ട്(മാണ്ഡി, ഹിമാചൽപ്രദേശ്), രവി കിഷൻ(ഗോരഖ്പൂർ, യുപി), പ്രനീത് കൗർ(പഞ്ചാബ്), മനീഷ് തിവാരി(ചണ്ഡീഗഡ്), വിക്രമാദിത്യ സിംഗ്(മാണ്ഡി), അഭിഷേക് ബാനർജി(ഡയമണ്ട് ഹാർബർ, ബംഗാൾ) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്ന് തുടങ്ങും. എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് കോൺഗ്രസ് നിലപാട്.