അടുക്കളപുറങ്ങളിൽ അധികവും കാണപ്പെടുന്ന പച്ചക്കറികളുടെ കൂട്ടത്തിൽ പ്രധാനിയാണ് ഉരുളക്കിഴങ്ങ്. കുറച്ചു ഉപ്പും, മഞ്ഞളും, മുളകും ചേർത്ത് വറുത്തെടുത്താലും ഉരുളക്കിഴങ്ങ് കഴിക്കാൻ പ്രത്യേക രുചിയാണ്. കറി ഉണ്ടാക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും തുടങ്ങി ഒട്ടുമിക്ക കാര്യങ്ങൾക്കും നാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
പലപ്പോഴും കടകളിൽ നിന്ന് വാങ്ങുമ്പോഴാണെങ്കിലും അടുക്കളകളിൽ കിടന്ന് പഴക്കം ചെല്ലുമ്പോഴും ഉരുളക്കിഴങ്ങിൽ മുളപൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കും. എന്നാൽ ഇതൊന്നും കാര്യമാക്കാതെ മുളപ്പൊട്ടിയതെല്ലാം നീക്കം ചെയ്ത് നാം കറികൾക്കായി ഉപയോഗിക്കാറുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മുളച്ചതും പച്ച നിറം കാണപ്പെടുന്നതുമായ ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് കാരണമാവുകയും ഇത് വിഷാംശത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഉരുളക്കിഴങ്ങ് മുളച്ചാലുണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണെന്നാണ് പറയുന്നത്. ഛർദ്ദി, വയറിളക്കം തുടങ്ങിയവയിലേക്ക് ഇത് വഴി വയ്‌ക്കുന്നു. കൂടാതെ ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കാം. മുളച്ച ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോൽക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇതാണ് വിഷബാധയ്‌ക്ക് കാരണമാവുന്നത്. നാഡീ പ്രവർത്തനങ്ങൾ നിലയ്‌ക്കാനും ഇത് വഴി വയ്‌ക്കുന്നു.