തിരുവനന്തപുരം: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. തിരയിൽപ്പെട്ട് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. മഹേഷിനോപ്പം ഉണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 7 : 30 യോടെയാണ് രണ്ട് പേരടങ്ങുന്ന സംഘം വള്ളത്തിൽ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മഹേഷും ഒപ്പം വിൻസെന്റ് എന്ന മറ്റൊരാളുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിൻസെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
ഇയാൾക്ക് വേണ്ടി മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. അപകടം നടന്നപ്പോൾ തന്നെ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്.















