ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. എൻഡിഎയ്‌ക്ക് വേണ്ടി രവി കിഷനാണ് ജനവിധി തേടുന്നത്. സമാജ്‌വാദി പാർട്ടിയ്‌ക്ക് വേണ്ടി കാജൽ നിഷാദും ബഹുജൻ സമാജ് പാർട്ടി വേണ്ടി ജാവേദ് അഷ്റഫുമാണ് രവി കിഷനെതിരെ മത്സര രംഗത്തുണ്ട്.
രാമരാജ്യം എന്ന അഭിലാഷം പൂർത്തിയാക്കുന്നതിനായി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് രവി കിഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ്. നമ്മുക്ക് വികസിത രാജ്യം കെട്ടിപ്പടുക്കണം. നിങ്ങളുടെ ഒരോ വോട്ട് വരും തലമുറകളുടെ മികച്ച ഭാവിയ്‌ക്കായുള്ള അടിത്തറയായി മാറുമെന്ന് രവി കിഷൻ എക്സിൽ കുറിച്ചു.
രവി കിഷനെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ റോഡ്ഷോ നടത്തിയിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി രാംഭുവൽ നിഷാദിനെതിരെ രവി കിഷൻ മത്സരിച്ചിരുന്നു. അന്ന് 3,01,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ഉത്തർപ്രദേശിൽ 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടൊടുപ്പാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.















