മുംബൈ ; പണ്ഡർപൂർ വിത്തൽ ക്ഷേത്രത്തിൽ രഹസ്യ നിലവറ കണ്ടെത്തി. ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രഹസ്യ നിലവറ കണ്ടെത്തിയത് . തറ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ഭീമൻ കല്ല് നീക്കിയപ്പോൾ നിലവറയിലേയ്ക്കുള്ള വാതിലായിരുന്നു പ്രത്യക്ഷപ്പെട്ടത് . മുറി ആറ് അടി താഴ്ചയുള്ളതാണ്.
ക്ഷേത്രത്തിൽ കണ്ടെത്തിയ നിലവറയിൽ പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ഇതിൽ നിന്ന് രണ്ട് വിഷ്ണുവിഗ്രഹങ്ങളും മഹിഷാസുരമർദ്ദിനി വിഗ്രഹവും പാദുകവും മറ്റ് രണ്ട് ചെറിയ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില പഴയ നാണയങ്ങളും കണ്ടെടുത്തു.
പതിനാറാം നൂറ്റാണ്ടിലേതാണ് ഈ വിഗ്രഹങ്ങളെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ വിലാസ് വാഹനെ പറഞ്ഞു. വിത്തൽ-രുക്മിണി മന്ദിർ കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര ഷെൽക്കെ, മന്ദിര കമ്മിറ്റി കോ-ചെയർമാൻ, പണ്ഡിതന്മാർ, മഹാരാജ് മണ്ഡലി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ വിഗ്രഹങ്ങൾ നിലവറയിൽ നിന്ന് പുറത്തെടുത്തത് . ഹനുമാൻ ദർവാജയുടെ ഇടതുവശത്തായാണ് രഹസ്യ നിലവറ .