മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ കാർ ആക്രമിക്കാൻ പദ്ധതിയിട്ട ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേരെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ പാകിസ്താനിലെ ഒരു ആയുധ വിതരണക്കാരനിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേസിൽ ലോറൻസ് ബിഷ്ണോയ്, അൻമോൽ ബിഷ്ണോയ്, സമ്പത്ത് നെഹ്റ, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 17 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്‌വി എന്ന ഗൗരവ് ഭാട്ടിയ, വാസ്പി ഖാൻ എന്ന വസീം ചിക്‌ന, റിസ്വാൻ ഖാൻ എന്ന ജാവേദ് ഖാൻ എന്നിവരെയാണ് നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സൽമാൻഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്കുനേരെ വെടിയുതിർത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാന്റെ സുരക്ഷാ വൈ-പ്ലസ് കാറ്റഗറിയാക്കി ഉയർത്തിയിരുന്നു. കൂടാതെ സ്വയ രക്ഷയ്‌ക്കായി തോക്ക് കൈവശം വയ്‌ക്കാനും താരത്തിന് അനുമതി നൽകിയിരുന്നു.