വീട്ടിൽ അച്ചാറിടാൻ അല്ലാതെ അമ്മമാർ വിനാഗിരി കുപ്പി തുറക്കാറില്ല അല്ലേ. എന്നാൽ പാചകത്തിനും അടുക്കളയ്‌ക്കുമപ്പുറം വിനാഗിരിയുടെ ഉപയോഗങ്ങൾ നീണ്ടുകിടക്കുകയാണ്. ആദ്യമൊന്ന് ആശ്ചര്യപ്പെട്ടാലും സംഭവം സത്യമാണ്. വിനാഗിരിയുടെ ചില ഉപയോഗങ്ങൾ ഇതാ…
ക്ലീനിംഗ് സ്പ്രേ
വീട്ടിലെ ഉപകരണങ്ങൾ പൊടി പിടിച്ചും കറ പിടിച്ചും ഇരിക്കുകയാണോ? എന്നാൽ മടിക്കാതെ തന്നെ വിനാഗിരിയെടുത്തോളൂ, ഒപ്പം അൽപം വെള്ളവും. വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് സ്പ്രേ കുപ്പിയിലാക്കി ഉപയോഗിക്കാവുന്നതാണ്. ഇഴജന്തുക്കളെയും പ്രാണികളെയും തുരത്താനും വാതിലുകൾ വൃത്തിയാക്കാൻ വരെ ഉപയോഗിക്കാവുന്നതാണ്. സുഗന്ധം ലഭിക്കുന്നതിനായി മണ്ണമുള്ള എണ്ണകളോ മറ്റോ ചേർക്കാവുന്നതാണ്. ഗ്രീസും മറ്റും വൃത്തിയാക്കാൻ ആണെങ്കിൽ നാരങ്ങ കൂടി ചേർക്കാവുന്നതാണ്.
മുടിയിലെ എണ്ണമയം അകറ്റാൻ
മുടിക്ക് എണ്ണമയം അനുഭവപ്പെടുകയാണെങ്കിൽ ആപ്പിൾ സിഡെർ വിനെഗറും ഇരട്ടി വെള്ളവും ചേർക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി ഷാംപൂ ചെയ്യുക. മൂന്ന് മിനിറ്റിന് ശേഷം കണ്ടീഷണർ ഉപയോഗിച്ച് കഴുകി കളയുക.
കളനാശിനി
രാസ കീടനാശിനികളെ പടിക്ക് പുറത്താക്കാൻ വിനാഗിരി ഉപകരിക്കും. കളകളുള്ള ഇടങ്ങളിൽ വിനാഗിരിയും സോപ്പ് പൊടിയും ചേർത്ത് മിശ്രിതമുണ്ടാക്കി തളിക്കുക.
തുണി അലക്കുമ്പോൾ
തുണി അലക്കുമ്പോള്‍ അല്പം വിനാഗിരി കൂടി ചേര്‍ക്കുന്നത് അഴുക്കും ദുര്‍ഗന്ധവുമകറ്റാനും തുണികളെ മൃദുവാക്കാനും സഹായിക്കും. വാഷിംഗ് മെഷീനുകളിലും ഉപയോഗിക്കാവുന്നതാണ്.
വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ നിന്ന് പ്രാണികളെ അകറ്റാൻ
വളർത്തുമൃഗങ്ങളിൽ ഈച്ചയും പ്രാണിയുമൊക്കെ ശല്യമുണ്ടാക്കുന്നുണ്ടെങ്കിൽ വിനാഗിരി പ്രതിവിധി നൽകും. വെള്ളവും വിനാഗിരിയും തുല്യ അളവിലെടുക്കുക. വളർത്തുമൃഗങ്ങളെ കുളിപ്പിച്ചതിന് ശേഷം ഈ മിശ്രിതം അവയുടെ രേമങ്ങളിൽ പുരട്ടുക. ചെള്ളിനെയും ഈച്ചയെയും അകറ്റാൻ ഇത് സഹായിക്കും.
സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപകരണങ്ങൾ വൃത്തിയാക്കാൻ
ഫ്രിഡ്ജ്, മൈക്രോവേവ് തുടങ്ങിയ സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ വൃത്തിയാക്കാനും വിനാഗിരി സഹായിക്കും. വിനാഗിരി തളിച്ച് പോളിഷിംഗ് തുണി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
കാർപ്പറ്റ് വൃത്തിയാക്കാൻ
കറ അകറ്റാനും ദുർഗന്ധം അകറ്റാനും വിനാഗിരി സഹായിക്കും. കറ ഉള്ളയിടത്ത് വിനാഗിരി തളിച്ച് ബേക്കിംഗ് സോഡ വിതറുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം തുടച്ച് നീക്കുക. ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ നേരിയ തോതിൽ എണ്ണ ഉപയോഗിക്കാം. സ്റ്റിക്കറുകളും മറ്റും ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ വിനാഗിരി തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചാൽ മതിയാകും.















