ചെന്നൈ: തമിഴ്നാട്ടിൽ ചൂട് വർദ്ധിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് 10-ലേക്ക് മാറ്റി. ജൂൺ ആറിന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അനുദിനം സംസ്ഥാനത്തെ താപനിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് 10-ലേക്ക് മാറ്റിയത്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തെ പല ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ വേനലവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പുതുച്ചേരി, തെലങ്കാന, ഗോവ എന്നിവിടങ്ങളിലും ജൂൺ 12-നാണ് സ്കൂളുകൾ തുറക്കുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഹാറിലെ സ്കൂളുകൾ ജൂൺ എട്ട് വരെ അടച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജൂൺ എട്ട് വരെ അടച്ചിടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗം വർദ്ധിക്കുന്നുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ യെല്ലോ അലെർട്ട് തുടരുകയാണ്. കൊടുംചൂടിൽ 50 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിവിധയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.