ന്യൂയോർക്ക്: തത്സമയ സംപ്രേഷണത്തിനിടെ മുഖത്ത് വീണ ഈച്ചയെ വിഴുങ്ങി വായന തുടർന്ന വാർത്താ അവതാരകയുടെ പ്രൊഫഷണലിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ബോസ്റ്റൺ 25 വാർത്താ ചാനലിലെ അവതാരകയായ വനേസ്സ വെൽച്ചാണ് മനഃസാന്നിധ്യം കൈവിടാതെ തന്റെ ജോലി പൂർത്തിയാക്കിയത്.
വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ പറന്നുവന്ന ഈച്ച വനേസ്സയുടെ കൺപീലികളിൽ തട്ടി വായ്‌ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ വളരെ വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ വായിൽ വീണ ഈച്ചയെ വിഴുങ്ങിയ അവതാരക ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സംപ്രേഷണം തുടരുകയായിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ട് മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്കും പ്രചരിച്ചു. പലരും അവതാരകയുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ച് കമന്റുകളുമായെത്തി. പ്രശംസകൾക്കിടയിൽ ചിലർ അവരുടെ അവസ്ഥയിൽ ദുഃഖവും പ്രകടിപ്പിച്ചു. “പാവം സ്ത്രീ ! അവരുടെ തൊഴിൽമേഖലയുടെ നീതിശാസ്ത്രം ഇതാണ്, നല്ലതും ചീത്തയും ഒരുമിച്ച്” ഒരാൾ കമന്റ് ചെയ്തു.















